Latest News

ഇവനല്ലെ യഥാര്‍ഥ ഓള്‍ റൗണ്ടര്‍- ASIANET NEWS REPORT


ഈ ലോകകപ്പില്‍ ഏറ്റവുമധികം ശ്രദ്ധിക്കേണ്ടതാരം എ.ബി.ഡിവില്ലിയേഴ്സാണെന്ന ആദം ഗില്‍ക്രിസ്റ്റിന്റെ നാവ് പൊന്നായി. ക്രിക്കറ്റില്‍ ഡിവില്ലിയേഴ്സിന് അസാധ്യമായതൊന്നുമില്ലെന്ന് അദ്ദേഹം ഓരോ ദിവസവും തെളിയിച്ചുകൊണ്ടേയിരിക്കുന്നു. ക്രിക്കറ്റില്‍ മാത്രമല്ല കൈവെച്ച മേഖലിയിലൊന്നും എ.ബി എന്ന രണ്ടക്ഷരം എന്നും ആദ്യ സ്ഥാനത്തുതന്നെയായിരുന്നു. വെസ്റ്റിന്‍ഡീസിനെതിരെ 31 പന്തില്‍ കുറിച്ച ഏകദിനത്തിലെ അതിവേഗ സെഞ്ചുറി അവയിലൊന്നു മാത്രമാണ്. ഈ പ്രകടനം കാണുമ്പോള്‍ ഇന്ത്യന്‍ റൂപ്പിയെന്ന സിനിമയില്‍ തിലകനോട് ചോദിക്കുന്നതുപോലെ എവിടെയായിരുന്നു നിങ്ങളിത്രയും നാളെന്ന് ആരും ചോദിക്കില്ല. കാരണം കൈവെച്ച മേഖലകളിലൊക്കെ ഒന്നാമനായ ചരിത്രമേ എ.ബി എന്ന് കൂട്ടുകാര്‍ വിളിക്കുന്ന ഡിവില്ലിയേഴ്സിനുള്ളു. ഇതാ ഡിവില്ലിയേഴ്സിന്റെ അസാധാരണ ജീവിതകഥ സി.ഗോപാലകൃഷ്ണന്‍ എഴുതുന്നു.

ക്രിക്കറ്റിലൂടെയാണ് ആരാധകര്‍ ഡിവില്ലിയേഴ്സിനെ അറിയുന്നതെങ്കിലും യഥാര്‍ഥത്തില്‍ ക്രിക്കറ്റ് ഡിവില്ലിയേഴ്സിന്റെ കായികജീവിതത്തിലെ താല്‍പര്യങ്ങളിലൊന്നുമാത്രമാണെന്ന് അറിയാവുന്നവര്‍ ചുരുക്കം. പ്രിട്ടോറിയയയില്‍ ജനിച്ച എ.ബി കുട്ടിക്കാലത്തേ സ്പോര്‍ട്സില്‍ അതീവ തല്‍പരനായിരുന്നു. അദ്ദേഹത്തിന്റെ സഹോദരരായ ജാന്‍, വെസല്‍സ് സുഹൃത്തും പിന്നീട് ദക്ഷിണാഫ്രിക്കന്‍ ടീമിലെ സഹതാരവുമായ വാന്‍ ജാര്‍സ്‌വെല്‍ഡ് എന്നിവരുമൊത്തായിരുന്നു കുട്ടിക്കാലത്തെ എ.ബിയുടെ കളിക്കൂട്ട്. സഹോരങ്ങളാണെങ്കിലും കളിക്കളത്തില്‍ അവര്‍ എ.ബിക്ക് സൗജന്യങ്ങളൊന്നും അനുവദിച്ചിരുന്നില്ല. 

ക്രിക്കറ്റിലായാലും റഗ്ബിയിലായാലും ടെന്നീസിലായാലും കടുത്ത മത്സരത്തെ അതിവീജിച്ചാണ് എ.ബി മുന്നേറിയത്. ഇതുതന്നെയാണ് സമ്മര്‍ദ്ദഘട്ടത്തില്‍ ഇരട്ടച്ചങ്കുള്ള പ്രകടനം പുറത്തെടുക്കുന്ന ഇന്നത്തെ എ.ബിയുടെ അടിത്തറയും. അതിനെക്കുറിച്ച് എ.ബി തന്നെ ഒരിക്കല്‍ പറഞ്ഞു." ദിവസം മുഴുവന്‍ വെള്ളം ചുമന്ന് നടന്നാലാണ് എനിക്ക് വല്ലപ്പോഴും അവര്‍ ബാറ്റ് ചെയ്യാന്‍ അവസരം തരിക. രൂപത്തില്‍ ഞാന്‍ ചെറുതും അവര്‍ എന്നെക്കാള്‍ വലിയവരുമായിരുന്നു. അവര്‍ എന്നെ പലപ്പോഴും ഭയപ്പെടുത്തി. അവര്‍ ഉപയോഗിക്കുന്ന ഭാരം കൂടി ബാറ്റ് തന്നെയായിരുന്നു എനിക്കും തന്നത്.  ഞാന്‍ ബാറ്റ് ചെയ്യുമ്പോള്‍ അവര്‍ പലപ്പോഴും അസ്വസ്ഥരാവാറുണ്ട്. ചിലപ്പോഴൊക്കെ എനിക്കുനേരെ ബീമറുകള്‍ എറിഞ്ഞ് പേടിപ്പിക്കും. ശനിയാഴ്ചകളില്‍ ബേല ബേലയിലെ എന്റെ വീട്ടില്‍ നടക്കുന്ന കളികള്‍ പലപ്പോഴും കടുത്തതാകാറുണ്ട്. എന്റെ സഹോദരന്‍മാരാണെങ്കിലും അവര്‍ പലപ്പോഴും എന്നെ നിര്‍ദാക്ഷിണ്യം നേരിട്ടു. രാക്ഷസന്‍മാരായിരുന്നു അവര്‍. അവര്‍ക്കിടയില്‍പ്പെട്ട് ഒരുപാട് കണ്ണീരൊഴുക്കിയിട്ടുണ്ട് ഞാന്‍".

ആദ്യ പ്രണയം

തീര്‍ച്ചയായും ക്രിക്കറ്റിനോടായിരുന്നില്ല എ.ബിയുടെ ആദ്യ പ്രണയം. കളി തുടങ്ങിയ കാലത്ത് ടെന്നീസായിരുന്നു എ.ബിയുടെ ഇഷ്ടവിനോദം. പിന്നീടാണ് ക്രിക്കറ്റും റഗ്ബിയുംപോലുള്ള ടീം ഗെയിമുകള്‍ എ.ബി. ഇഷ്ടപ്പെട്ടു തുടങ്ങിയത്. ടെന്നീസില്‍ ഒമ്പതുവയസില്‍ താഴെയുള്ളവരുടെ വിഭാഗത്തില്‍ നിരവധി ടൂര്‍ണമെന്റുകളില്‍ കളിച്ചിട്ടുണ്ട് എ.ബി. പിന്നീട് ദക്ഷിണാഫ്രിക്കയെ പ്രതിനിധീകരിച്ച ഇസാഖ് വാന്‍ ഡെര്‍ മെര്‍വെയെപ്പോലുള്ള ടെന്നീസ് താരങ്ങളെ ചെറുപ്പത്തില്‍ തോല്‍പ്പിച്ചിട്ടുമുണ്ട്. പതിമൂന്നാം വയസുവരെ ടെന്നീസിനോടുള്ള പ്രണയം തുടര്‍ന്നു.

സ്കൂളിലെ ഓള്‍ റൗണ്ടര്‍ എ.ബി

പതിമൂന്നാം വയസില്‍ ദക്ഷിണാഫ്രിക്കയിലെ പ്രമുഖ് സ്പോര്‍ട് സ്കൂളുകളിലൊന്നായ ആഫ്രിക്കന്‍സ് ഹോയര്‍ സിയുന്‍സ്കൂളില്‍ ചേര്‍ന്നതാണ് എ.ബിയിലെ കായികപ്രതിഭയുടെ കരിയര്‍ വഴിതിരിച്ചുവിട്ടത്. ഈ കാലത്താണ് ക്രിക്കറ്റിനോടുള്ള പ്രണയം തുടങ്ങുന്നത്. വൈകാതെ 16 വയസില്‍ താഴെയുള്ളവരുടെ ദക്ഷിണാഫ്രിക്കന്‍ കോള്‍ട്ട് ടീമില്‍ എ.ബിയെത്തി. ഇതേ സ്കൂളിലെ എ.ബിയുടെ സഹപാഠികളായിരുന്നു ഇന്നത്തെ ദക്ഷിണാഫ്രിക്കന്‍ ടീമിലെ ജാക്വസ് റൂഡോള്‍ഫും ഫാഫ് ഡൂപ്ലെസിസും. ഹൈസ്കൂള്‍ ജീവിതത്തില്‍ ലഭിച്ച ചിട്ടയായ പരിശീലനവും മാര്‍ഗനിര്‍ദേശങ്ങളുമാണ് എ.ബിയുടെ കരിയറിലും വ്യക്തിജീവിതത്തിലും നിര്‍ണായകമായത്. 

മുന്‍ ദക്ഷിണാഫ്രിക്കന്‍ ടെസ്റ്റ് വിക്കറ്റ് കീപ്പറായ ഡെനിസ് ലിന്‍ഡ്സേയുടെ കീഴിലുള്ള പരിശീലനം എ.ബിയിലെ വിക്കറ്റ് കീപ്പറുടെയും മികവ് കൂട്ടി. സ്കൂളിലെ അണ്ടര്‍ 14 ടീം അംഗമായാണ് തുടക്കം. ഇടയ്ക്ക് ഗോള്‍ഫിലും ഒരു കൈ നോക്കി. എന്നാല്‍ അപ്രതീക്ഷിതമായി ഏറ്റ പരിക്കേറ്റതിനെത്തുടര്‍ന്ന് ഗോള്‍ഫിനോടുള്ള പ്രണയം അവസാനിപ്പിച്ചു. പിന്നീട് സ്കൂളില്‍ ഏറ്റവുമധികം കുട്ടികള്‍ കളിക്കുന്ന റഗ്ബിയിലായി താല്‍പര്യം. റഗ്ബിയില്‍ മികവുകാട്ടിയതിനെത്തുടര്‍ന്ന് സ്കൂള്‍ ടീമിലും പിന്നീട് ദക്ഷിണാഫ്രിക്കന്‍ റഗ്ബിയിലെ പല അതികായരെയും സംഭാവന ചെയ്ത ബ്ലൂ ബാള്‍സിന്റെ അണ്ടര്‍-18 ടീമിലും കളിച്ചു. 

ഇതിനിടയ്ക്ക് ഹോക്കിയിലും ഒരു കൈ നോക്കി സ്കൂളിലെ അണ്ടര്‍-16 ഹോക്കി ടീമില്‍ ഇടം നേടുകയും ചെയ്തു. തീര്‍ന്നില്ല പിന്നീട് നിന്തലിലും ബാഡ്മിന്റണിലുമായി എ.ബിയുടെ കമ്പം. നീന്തലില്‍ സ്കൂള്‍തലത്തില്‍ നിരവധി റെക്കോര്‍ഡുകളും എ.ബി.സ്വന്തം പേരില്‍ കുറിച്ചു. സ്കൂള്‍തലത്തിലെ ആറോളം റെക്കോര്‍ഡുകള്‍ ഇപ്പോഴും എ.ബിയുടെ പേരില്‍ തന്നെയാണ്. ഇതിനിടെ ദേശീയ ജൂനിയര്‍ ഹോക്കി ടീമിലേക്കും ഫുട്ബോള്‍ ടീമിലേക്കും വിളിവന്നു. ദക്ഷിണാഫ്രിക്കന്‍ ജൂനിയര്‍ റഗ്ബി ടീമിന്റെ ക്യാപ്റ്റനായി. ദക്ഷിണാഫ്രിക്കന്‍ ജൂനിയേഴ്സില്‍ 100 മീറ്ററിലെ ഏറ്റവും വേഗമേറിയ ഓട്ടക്കാരനായി. ദക്ഷിണാഫ്രിക്കന്‍ ജൂനിയര്‍ ഡേവിസ് കപ്പ് ടീമിലും ഇടം നേടി. ദേശീയ അണ്ടര്‍-19 ബാ‍ഡ്മിന്റണ്‍ ചാമ്പ്യനായി. 

ക്രിക്കറ്റിലേക്കുള്ള വഴി മാറി നടത്തം

കളി ഏതുമായിക്കോട്ടെ അതില്‍ മികവുകാട്ടാനുള്ള അസാമാന്യ പ്രതിഭയുണ്ടായിരുന്നു അന്നേ എ.ബിയ്ക്ക്. സ്കൂള്‍ വിട്ടശേഷമാണ് എ.ബി. ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു തുടങ്ങുന്നത്. ദക്ഷിണാഫ്രിക്കന്‍ അണ്ടര്‍-19 ടീമില്‍ ക്രിക്കറ്റ് കളിച്ചിരുന്ന കലത്താണ് ടൈറ്റന്‍സ് പരിശീലകന്‍ ഡേവ് നോസ്‌വര്‍ത്തിയുടെ കണ്ണില്‍ എ.ബി. പെടുന്നത്. എ.ബിയിലെ പ്രതിഭ തിരിച്ചറിഞ്ഞ ഡേവ് ടൈറ്റന്‍സില്‍ കളിക്കാന്‍ നേരിട്ട് ക്ഷണിച്ചു. ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ കാനഡ പര്യടനത്തിലും എ.ബിയ്ക്ക് അവസരം ലഭിച്ചു. 19 വയസുമാത്രമുള്ള എ.ബിയെ ടീമിലെടുത്ത വിവാദമായെങ്കിലും സെഞ്ചുറിയിലൂടെ എ.ബി. അതിന് മറുപടി നല്‍കി. പ്രൊവിന്‍ഷ്യല്‍ ക്രിക്കറ്റില്‍ തുടര്‍ച്ചയായി നാല് അര്‍ധ സെഞ്ചുറി നേടി വരവറിയിച്ച എ.ബി. അയര്‍ലന്‍ഡിലെ കാരിക്ഫെര്‍ഗസ് ക്രിക്കറ്റ് ക്ലബ്ബിനുവേണ്ടി നിരവധി സെഞ്ചുറികളും സ്വന്തം പേരില്‍ കുറിച്ചു. 

വൈകാതെ ദക്ഷിണാഫ്രിക്കന്‍ എ.ടീമിലേക്കുള്ള വിളിയെത്തി. ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്ക കാലിടറി നിന്ന കാലത്ത് പുതുമുഖങ്ങളെ കൊണ്ടുവരാനുള്ള സെലക്ടര്‍മാരുടെ തീരുമാനത്തിന്റെ ഭാഗമായി 2004ല്‍ എ.ബി ദക്ഷിണാഫ്രിക്കന്‍ ടെസ്റ്റ് ടീമില്‍ അരങ്ങേറി. രണ്ടു മാസത്തിനുശേഷം ഏകദിനത്തിലും. ഇപ്പോള്‍ കളിയുടെ മൂന്ന് ഫോര്‍മാറ്റിലും ദക്ഷിണാഫ്രിക്കന്‍ ടീമിലെ അനിഷേധ്യം സാന്നിധ്യം. ബൗച്ചറുടെ വിരമിക്കലിനുശേഷം ദക്ഷിണാഫ്രിക്കയുടെ വിശ്വസ്തനായ വിക്കറ്റ് കാവല്‍ക്കാരന്‍.  99 ശതമാനവും വിജയത്തിനടിസ്ഥാനം ആത്മവിശ്വാസമാണെന്നാണ് എ.ബിയുടെ വിജയമന്ത്രം. 

ക്രിക്കറ്റിനുപുറത്തെ എ.ബി

ആറുവയസുമതുല്‍ കളിക്കൂട്ടുകാരിയായിരുന്ന ഡാനിയേല സ്വാര്‍ട്ടിനെയാണ് എ.ബിയ വിവാഹം കഴിച്ചത്. സ്പോര്‍ട്സിനോട് മാത്രമല്ല സംഗീതത്തോടും എ.ബിയ്ക്ക് പ്രണയമുണ്ട്. 2009ല്‍ സുഹൃത്ത് ആംപൈ ഡു പ്രീസുമായി ചേര്‍ന്ന് ‘Show them who you are’ എന്ന പേരില്‍ ഒരു ആല്‍ബവും എ.ബി. പുറത്തിറക്കിയിട്ടുണ്ട്. ക്രിക്കറ്റ് കളിക്കാന്‍ പോകുന്നിടത്തെല്ലാം ബാറ്റിനൊപ്പം ഒരു ഗിറ്റാര്‍ കൂടി കൊണ്ടുപോകുകയെന്നതും എ.ബിയുടെ ശീലമാണ്. തിരക്കേറിയ ക്രിക്കറ്റ് സീസണുകള്‍ക്കിടയിലും പാട്ടെഴുത്തിലും പാടുന്നതിലും സജീവമാണ് എ.ബി. -

No comments:

Post a Comment

::KANHANGAD:: Designed by Templateism.com Copyright © 2014

PRAMOD ODAYANCHAL. Theme images by Flashworks. Powered by Blogger.